ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.
നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു.
വക്രബുദ്ധികൾ യഹോവയ്ക്കു വെറുപ്പ്; നിഷ്കളങ്കമാർഗികളോ അവനു പ്രസാദം.
ദുഷ്ടനു ശിക്ഷ വരാതിരിക്കയുകയില്ല എന്നതിനു ഞാൻ കൈയടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.
നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ.
ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും ~ സദൃശവാക്യങ്ങൾ 11
ക്രിസ്തുമസ്സിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എന്റെ ഭാര്യ കാരി സൂപ്പർമാർക്കറ്റിൽ പണമടയ്ക്കുന്ന വരിയിൽ നിൽക്കുകയായിരുന്നു. അവളുടെ മുന്നിൽ ഒരു ചെറുപ്പക്കാരിയായ അമ്മ തന്റെ സഞ്ചിയിലെ സാധനങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും സാവധാനം ഓരോന്നായി മാറ്റിവെക്കുകയും ചെയ്തുകൊണ്ടിരുന്നു. നീക്കം ചെയ്ത വസ്തുക്കളുടെ വർദ്ധിച്ചുവരുന്ന കൂമ്പാരം കണ്ടപ്പോൾ, യുവതിയുടെ പക്കൽ അവ വാങ്ങാൻ മതിയായ പണമില്ലെന്ന് മനസ്സിലാക്കിയ കാരിയുടെ അക്ഷമ അനുകമ്പയായി മാറി.
“അതിനുള്ള പണം ഞാൻ നൽകുവാൻ ആഗ്രഹിക്കുന്നു,” അവൾ കൗണ്ടറിലുള്ള ആളോട് പറഞ്ഞു. ആ യുവതി ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് തിരിഞ്ഞു: “അത് വളരെ കൂടുതലാണ്!” അവൾ പറഞ്ഞു. ദൈവത്തിന്റെ സ്നേഹത്താൽ പ്രേരിപ്പിക്കപ്പെട്ട കാരി, ഒരു അപരിചിതൻ ബുദ്ധിമുട്ടുള്ള സമയത്ത് ഞങ്ങളുടെ സ്വന്തം മകൾക്ക് പലചരക്ക് സാധനങ്ങൾ വാങ്ങി നൽകിയതെങ്ങനെയെന്ന് ഓർത്ത് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, “ക്രിസ്തുമസ് ആശംസകൾ.” കണ്ണീരോടെയാണ് ഇരുവരും കടയിൽ നിന്ന് ഇറങ്ങിയത്.
അവന്റെ പുത്രനിലൂടെ നമ്മോടുള്ള ദൈവത്തിന്റെ ദയയെയും ഔദാര്യത്തെയും കുറിച്ചുള്ള ഒരു പുതിയ അവബോധത്തോടെ ക്രിസ്തുമസ് ഞങ്ങളുടെ വീട്ടിൽ നേരത്തെ എത്തി. ഉദാരമനസ്കതയുള്ളവരെ കുറിച്ച് സോളമൻ സദൃശവാക്യങ്ങളിൽ എഴുതി: “മറ്റുള്ളവരെ നവീകരിക്കുന്നവർ സ്വയം നവോന്മേഷം പ്രാപിക്കും” (11:25). തുടർന്നുള്ള ദിവസങ്ങളിൽ ദൈവം എങ്ങനെ നമ്മുടെ ഏറ്റവും വലിയ ആവശ്യം—ഒരു രക്ഷകന്റെ ആവശ്യകത—നിറവേറ്റിയെന്നും അവന്റെ സ്നേഹം നമ്മുടെ ഹൃദയത്തിൽനിന്ന് ആവശ്യമുള്ള മറ്റുള്ളവരിലേക്ക് അപ്രതീക്ഷിതമായി ഒഴുകുന്നതെങ്ങനെയെന്നും ഉള്ള പുതുക്കിയ ഗ്രാഹ്യം ലഭിച്ചു.
ദയ മറ്റുള്ളവരിലേക്ക് പകരുന്നതാണ്! യേശു നമുക്കുവേണ്ടി ദയ കാണിച്ചതിനാൽ, നമുക്ക് മറ്റുള്ളവരുടെ ജീവിതത്തിലും ഉദാരവും പ്രായോഗികവുമായ മാറ്റങ്ങൾ വരുത്തുവാൻ ദൈവം കൃപ നൽകട്ടെ.
—ജെയിംസ് ബാങ്ക്സ്
നിങ്ങളുടെ ചുറ്റുപാടിൽ എന്ത് അടിയന്തിര ആവശ്യങ്ങൾ ആണ് നിങ്ങൾ കാണുന്നത്? നിങ്ങൾക്ക് എങ്ങനെ പ്രായോഗികമായ രീതിയിൽ ദൈവത്തിന്റെ ദയ പങ്കുവെക്കാനാകും?
പിതാവേ, എന്റെ ആവശ്യം കണ്ട് അങ്ങയുടെ മകനെ അയച്ചതിനായി നന്ദി. അങ്ങയുടെ സ്നേഹത്താൽ മറ്റുള്ളവരെ ഉദാരമായി സഹായിക്കുവാൻ എന്നെ സഹായിക്കൂ.