എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കയുകയില്ല; പണ്ട് അവൻ സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന് മഹത്ത്വം വരുത്തും.
ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു.
നീ വർധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ള പങ്കിടുമ്പോൾ ആനന്ദിക്കുന്നതുപോലെയും ആകുന്നു.
അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.
ഒച്ചയോടെ ചവിട്ടിനടക്കുന്ന യോദ്ധാവിന്റെ ചെരുപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകുപോലെ തീക്ക് ഇരയായിത്തീരും.
നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന് അദ്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.
അവന്റെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാകയുകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും! ~യെശയ്യാവ് 9
കുടുംബത്തിൽ നിന്ന് നൂറുകണക്കിന് മൈലുകൾ അകലെ മറ്റൊരു ക്രിസ്തുമസ് നേരിടാൻ ഞാൻ ഭയപ്പെട്ടു. ക്രിസ്തുമസ് അലങ്കാരങ്ങൾ പുറത്തെടുക്കാമെന്ന് ഭർത്താവ് നിർദ്ദേശിച്ചപ്പോൾ എന്റെ ഏകാന്തതയും നിരാശയും പരാതികളായി വായിൽ നിന്ന് പുറത്തു ചാടി. എന്റെ ഹൃദയം വേദനിക്കുമ്പോൾ എനിക്ക് എങ്ങനെ സന്തോഷിക്കാനാകും? ഒരു കപ്പ് ചൂട് ചായ കുടിച്ചുകൊണ്ട് ഞാൻ ഞങ്ങളുടെ ഡൈനിംഗ് റൂമിലെ ഗ്ലാസ് അലമാരയിലേക്ക് നോക്കി.
വർഷം മുഴുവനും ഞാൻ പ്രദർശിപ്പിച്ചിരുന്ന ക്രിസ്തുമസ് വസ്തുക്കൾക്ക് മുകളിൽ ഒരു ലൈറ്റ് പ്രകാശിച്ചു കൊണ്ടിരുന്നു. മുൻവശത്ത് യെശയ്യാവ് 9:6 കൊത്തിയ ഒരു ചീനപാത്രം, ഒരു ഇടയന്റെ രൂപത്തിനടുത്തായി ഇരിക്കുന്നു. “അദ്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു.” ഓരോ പേരുകളും മന്ത്രിക്കുമ്പോൾ, ഞാൻ കൂടുതൽ കൂടുതൽ ആത്മവിശ്വാസം നേടി, എന്റെ കണ്ണുനീർ നിറഞ്ഞ സീസണിനും എന്റെ രക്ഷകനെ അറിയുന്നതിന്റെ സന്തോഷം ഒരിക്കലും ഇല്ലാതാക്കുവാൻ കഴിയുകയില്ല.
ബെത്ലഹേമിൽ ക്രിസ്തു ജനിക്കുന്നതിന് എഴുന്നൂറ് വർഷങ്ങൾക്ക് മുമ്പാണ് യെശയ്യാ പ്രവാചകൻ മിശിഹായുടെ വരവ് പ്രഖ്യാപിച്ചത് (യെശയ്യാവ് 9:6). യേശു അദ്ഭുതമന്ത്രിയാണ് – അവൻ വിശ്വാസ്യനും നമ്മെ നയിക്കുവാൻ പ്രാപ്തനുമാണ്; അവൻ വീരനാം ദൈവമാണ്, എല്ലായ്പ്പോഴും ഉണ്ടായിരുന്നതും എക്കാലവും അതിരുകളില്ലാത്ത ശക്തിയുള്ള ഒരേയൊരു യഥാർത്ഥ ദൈവമാണ്; അവൻ നിത്യപിതാവാണ്, കാലത്തിന്റെ ശാശ്വത സ്രഷ്ടാവാണ്; അവൻ സമാധാനപ്രഭുവാണ്, പിതാവുമായുള്ള മനുഷ്യന്റെ ബന്ധം പുനഃസ്ഥാപിച്ചവനും.
യേശുവിലുള്ള വിശ്വാസികൾക്ക് ചുറ്റുമുള്ള ഈ ലോകത്തിന്റെ അന്ധകാരം ഒഴിവാക്കുവാൻ കഴിയില്ലെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ വെളിച്ചമായ അവനിൽ നമ്മുടെ ദൃഷ്ടിയെ ഉറപ്പിക്കുവാൻ കഴിയും. കണ്ണീരിലൂടെയും ക്രിസ്തുവിനെ അറിയുന്നതിൽ നമുക്ക് സന്തോഷിക്കാം.
-സോച്ചിൽ ഡിക്സൺ
യേശുവിന്റെ നാമങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത് പ്രയാസകരമായ സമയങ്ങളിൽ നിങ്ങളെ എങ്ങനെ സഹായിക്കും? നിങ്ങളുടെ ഹൃദയം വേദനിക്കുമ്പോൾ ദൈവത്തിന്റെ സ്വഭാവത്തിന്റെ ഏത് വശമാണ് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്?
പ്രിയ ദൈവമേ, എനിക്ക് അങ്ങയെ ഏറ്റവും ആവശ്യമുള്ളപ്പോൾ വെളിച്ചവും ആശ്വാസവും കൊണ്ടുവന്നതിനായി നന്ദി.