യഹോവേ, നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അദ്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടുംകൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
നീ നഗരത്തെ കൽക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീർത്തു; അത് ഒരുനാളും പണിയുകയുകയില്ല.
അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്ത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.
ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരേ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന് ഒരു ദുർഗ്ഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.
വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ നിഷ്കണ്ടകന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും.
സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ സകല ജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നുതന്നെ.
സകല വംശങ്ങൾക്കും ഉള്ള മൂടുപടവും സകല ജാതികളുടെയുംമേൽ കിടക്കുന്ന മറവും അവൻ ഈ പർവതത്തിൽവച്ചു നശിപ്പിച്ചുകളയും.
അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവ് സകല മുഖങ്ങളിലുംനിന്നു കണ്ണുനീർ തുടയ്ക്കയും തന്റെ ജനത്തിന്റെ നിന്ദ സകല ഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നത്; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നെ യഹോവ; അവനെയത്രേ നാം കാത്തിരുന്നത്; അവന്റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം എന്ന് അവർ പറയും.~ യെശയ്യാവ് 25
വരാനിരിക്കുന്ന ക്രിസ്തുമസ് അവധി സ്കോട്ടിന് നിരാശാജനകമായിരുന്നു. ഒറ്റയ്ക്ക് മിച്ചം വന്ന ഭക്ഷണം ചൂടാക്കി ടെലിവിഷൻ കണ്ടുകൊണ്ടിരിക്കാമെന്ന് അദ്ദേഹം കരുതി. എന്നാൽ, ഒറ്റപ്പെടലിനെ ഭയന്ന്, ഒറ്റപ്പെട്ട മറ്റ് ആളുകളെ അത്താഴത്തിന് ക്ഷണിച്ചുകൊണ്ട് ഒരു പരസ്യം പേപ്പറിൽ ഇടാൻ സ്കോട്ട് തീരുമാനിച്ചു. പന്ത്രണ്ടിൽ കുറയാത്ത ആളുകൾ ഹാജരായി! അത് 1985-ൽ ആയിരുന്നു, അതിനുശേഷം എല്ലാ വർഷവും സ്കോട്ട് സമാനമായ ഒരു പരസ്യം നൽകി, 100 പേരെ വരെ സ്വാഗതം ചെയ്യുന്നു, ഇപ്പോൾ അവർ ഒരു പ്രാദേശിക പള്ളി കെട്ടിടത്തിൽ കൂടിവരുന്നു. വീടില്ലാത്ത അയൽക്കാർ, കുടുംബം നഷ്ടപ്പെട്ടവർ, വീട്ടിലേക്ക് പോകുവാൻ കഴിയാത്ത അപരിചിതർ – സ്കോട്ട് എല്ലാത്തരം ആളുകൾക്കും മതിയായ ഒരു മേശ തയ്യാറാക്കി.
വഴിപിഴച്ചുപോയവരെയും, അടിച്ചമർത്തപ്പെട്ടവരോ വിസ്മരിക്കപ്പെട്ടവരോ ആയവരെയും സ്വാഗതം ചെയ്യുവാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം യെശയ്യാവ് വിവരിക്കുന്നു, “നീ എളിയവന് ഒരു ദുർഗ്ഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു” (25:4). സൗഹൃദത്തിനോ ക്ഷമയ്ക്കോ പ്രത്യാശയ്ക്കോ വേണ്ടി ആഗ്രഹത്തോടെ ദൈവത്തിലേക്ക് നോക്കുന്നവർക്ക് അവരുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങൾ കണ്ടെത്താനാകും.
ഒരു ദിവസം“സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ സകല ജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നുതന്നെ” (വാക്യം 6). സുഹൃത്തുക്കൾ കൃപയുടെ മേശയ്ക്ക് ചുറ്റും കൂടിയിരിക്കുന്ന ഒരു വിരുന്നിൽ തന്നോടൊപ്പം ചേരാൻ ദൈവം സകലരെയും ക്ഷണിക്കുന്നു.
ഇതാണ് നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ ഹൃദയവും, അവൻ നമുക്കു വാഗ്ദത്തം ചെയ്യുന്നതും. ഏകാന്തതയുടെയോ നിരാശയുടെയോ ഭാരം നാം വഹിച്ചേക്കാം; എന്നാൽ യേശുവിൽ ദൈവം നമ്മെ സ്വാഗതം ചെയ്യുന്നു. നാം അവനരികിൽ വന്നാൽ, എല്ലാവർക്കും സ്ഥലമുള്ള ഒരു മേശയിൽ നാം ഓരോരുത്തരും നമ്മുടെ ഇരിപ്പിടം കണ്ടെത്തും.
—വിൻ കോളിയർ
എല്ലാത്തരം ആളുകൾക്കും വേണ്ടി തയ്യാറാക്കിയതും സന്തോഷം നിറഞ്ഞതുമായ ഒരു സ്വാഗത മേശ എവിടെയാണ് നിങ്ങൾ അനുഭവിച്ചത്? യെശയ്യാവിൽ നിന്നുള്ള ഈ ചിത്രം ദൈവത്തെക്കുറിച്ച് നിങ്ങളോട് എന്താണ് പറയുന്നത്?
ദൈവമേ, ഞാൻ ഏകാന്തനാണ്, അതുപോലെ തോന്നുന്ന മറ്റുള്ളവരെയും എനിക്കറിയാം. ഞങ്ങൾക്ക് നിന്റെ മേശ വേണം. നിന്നോടൊപ്പം പരസ്പരം ചിരിക്കാനും വിരുന്നു കഴിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്കുവേണ്ടിയുള്ള നിന്റെ കരുതലിനായി നന്ദി.